03:02am 28 July 2026
NEWS
നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു
17/07/2025  02:14 PM IST
nila
നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു

‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു. നിവിനും ഏബ്രിഡിനുമെതിരെ കേസെടുക്കാൻ വൈക്കം ജെഎഫ്സിഎം 1 കോടതി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.  406, 420, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

നിവിൻ പോളിയാണ് കേസിലെ ഒന്നാംപ്രതി.  ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്. ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ നിർമാണ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഷംനാസിൽനിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്കു നൽകിയെന്നുമാണ് ഷംനാസിന്റെ പരാതി. ‌

‘മഹാവീര്യർ’ പരാജയപ്പെട്ടപ്പോൾ, നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിനു നൽകാമെന്നും ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പു നൽകിയിരുന്നു എന്നാണ്  ഷംനാസ് പറയുന്നത്. തുടർന്ന് 2024 ഏപ്രിലിൽ സിനിമയുടെ നിർമാണത്തിനായി 1.90 കോടി രൂപ കൈമാറിയെന്നും ഷംനാസ് പറയുന്നു. പിന്നീട് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിനു കത്ത് നൽകിയ ശേഷം സിനിമയുടെ ടൈറ്റിൽ ഏബ്രിഡ് ഷൈൻ പൊഡക്‌ഷൻസിന്റെ ബാനറിൽനിന്ന് പി.എസ്. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്കു മാറ്റുകയും ചെയ്തു. ഇതിനിടെ, സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, ഷംനാസുമായുള്ള കരാർ മറച്ചുവച്ച്, ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണാവകാശം കൈമാറിയെന്നു പരാതിയിൽ പറയുന്നു. നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിനാണ് സിനിമയിൽ അവകാശമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതെന്നും ദുബായിലെ കമ്പനിക്ക് 5 കോടി രൂപയ്ക്കാണ് ഓവർസീസ് വിതരണാവകാശം നൽകിയതെന്നും ഇതിൽ 2 കോടി രൂപ അഡ്വാൻസ് ആയി വാങ്ങിയെന്നും ഷംനാസിന്റെ പരാതിയിൽ പറയുന്നു. കേസിൽ നിവിൻ പോളിയാണ് ഒന്നാം പ്രതി. ഏബ്രിഡ് ഷൈൻ രണ്ടാം പ്രതി. 

ആക്‌ഷൻ ഹീറോ 2 ഏബ്രിഡ് ഷൈൻ, നിവിൻ പോളി എന്നിവർക്കൊപ്പം ചേർന്ന് നിർമിക്കാമെന്നായിരുന്നു തീരുമാനമെന്ന് ഷംനാസ് മനോരമയോടു പറഞ്ഞു. എന്നാൽ ഷൂട്ടിങ് തുടങ്ങി 11 ദിവസം പിന്നിട്ടപ്പോൾ ഏബ്രിഡ് ഷൈനുമായി അഭിപ്രായവ്യത്യാസം ഉണ്ടായി. തുടർന്ന് ദുബായ് കമ്പനിക്ക് അഞ്ചുകോടി രൂപയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നുവെന്നും ഷംനാസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img